കഴിഞ്ഞ ദിവസം ഞാന്‍ എന്റെ സഹപാഠിയായ വാസു എന്ന വാസുദേവനെ കണ്ടു .
മൂപ്പരെ കണ്ടാല്‍ നല്ലൊരു വൃദ്ധന്‍ .
ഇങ്ങോട്ടു വന്ന് പരിചയപ്പെട്ടപ്പോഴാണ് കക്ഷി ‘വാസു ആണെന്ന് ’ എനിക്ക് ബോധ്യം വന്നത് .
അപ്പോഴാണ് ആ ഓര്‍മ്മ എന്റെ മുഖത്ത് നല്ലൊരു ചിരി വരുത്തിയത് .
അത് ഞാന്‍ ഇവിടെ കുറിക്കട്ടെ.
അന്ന് ...............
എഴുപതുകളുടെ കോളേജു കാലാലയം .
കഞ്ചാവ് , ഹിപ്പി , ബുദ്ധിജീവി , പോസ്റ്റ് വൈരുദ്ധ്യാത്മിക ഭൌതികവാദം എന്നിവ കോളേജ് കാമ്പസ്സിന്റെ
ഭരിക്കുന്ന കാലം .
അങ്ങനെ യങ്ങനെ ഒട്ടേറെ വിശേഷങ്ങള്‍ പറയാം .
അങ്ങനെയുള്ള കാലത്ത് ..............
നമ്മുടെ വാസു നായകനായുള്ള ടീം കോളേജ് ഡേയുടെ അന്ന് നാടകം അവതരിപ്പിക്കുവാന്‍ തീരുമാനിക്കുന്നു.
കോളേജിലെ പ്രേം നസീര്‍ എന്ന് അറിയപ്പെടുന്നവനാണ് വാസു.
( അതല്ല , മൂപ്പര്‍ അങ്ങനെ അറിയപ്പെടാന്‍ ചില്ലറ വേലകളൊക്കെ കളിച്ചു എന്ന് ചില അസൂയാലുക്കള്‍ പറഞ്ഞു
പരത്തുന്നുണ്ട് )
അങ്ങനെ നാടകം പരിശീലനം പൊടിപൊടിക്കുന്നു.
തകര്‍ക്കുന്നു.
നാടകത്തിന്റെ കഥ ഇങ്ങനെ ...........
അമ്മയും അച്ഛനും മകനും ഉള്ള ഒരു ചെറു കുടുംബം .
കടക്കെണിയാല്‍ അച്ഛന് നാടുവിടേണ്ടിവന്നു.
നാലുവയസ്സുള്ള ചെറിയ കുട്ടിയുമായി ആ അമ്മ എന്തു ചെയ്യാന്‍ ..
കടക്കാരുടെ ശല്യം ഒരു വശത്ത് ...
മറുവശത്ത് നിത്യജീവിതം എങ്ങനെ തള്ളി നീക്കും എന്ന സ്ഥിതി
അങ്ങനെ ആ അമ്മയും കുഞ്ഞും ഉള്ളതു വിറ്റുപെറുക്കി ആ നാടുവിട്ടു
ഇതേ സമയം പിതാവകാട്ടെ അന്യദേശത്തേക്കു പോയി .
ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണും ഒന്നും ഉള്ള കാലമല്ലല്ലോ .
അതിനാല്‍ അവര്‍ തമ്മിലുള്ള ബന്ധം അറ്റുപോയി .
പത്തിരുപത് വര്‍ഷങ്ങള്‍ കഴിയുന്നു.
പിതാവ് പണം സമ്പാദിച്ച് നാട്ടിലെത്തുന്നു.
ഹാ കഷ്ടം .............
തന്റെ വീടു സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഒരു ഹോട്ടല്‍
തന്റെ ഭാര്യയും മകനും എവിടെപ്പോയി എന്ന് ആര്‍ക്കും അറിയില്ല.
അങ്ങനെ ആ പിതാവും വേറെ ഒരു നാട്ടിലെത്തുന്നു.
അമ്മയും കുഞ്ഞും മറ്റൊരു നാട്ടില്‍ കഷ്ടപ്പെട്ട് ജിവിക്കുന്നു.
കാലം കഴിയുമ്പോള്‍ പഠിക്കാന്‍ മിടുക്കനായ മകന്‍ ഡോക്ടറായി തീരുന്നു.
മിടുക്കനായ ഡോക്ടര്‍ .
അങ്ങനെയിരിക്കെ ഒരു അപകടത്തില്‍ പെട്ട് പിതാവും ഡോക്ടറായ മകനും ആശുപത്രിയില്‍ വെച്ച് കണ്ടു
മുട്ടുന്നു.
അവര്‍ക്ക് ആദ്യം മനസ്സിലാവുന്നില്ല.
ദിവസങ്ങള്‍ കഴിയുന്നു
ശുശ്രൂഷിക്കാന്‍ ആരുമില്ലാത്ത രോഗിക്ക് ഡോക്ടറുടെ അമ്മ തങ്ങാവുന്നു.
അങ്ങനെ മനസ്സിലാവുന്ന ക്ലൈമാക്സ് ഘട്ടം വരുന്നു.
ആ ശുഭമുഹൂര്‍ത്തത്തില്‍ അവര്‍ തമ്മില്‍ മനസ്സിലാക്കുന്നു.
അങ്ങനെ മാതാവും പിതാവും മകനും ഒരുമിക്കുന്നു.
സംഗതി ശുഭമായി പര്യവസാനിക്കുന്നു.
ഇതാണ് കഥ .
അങ്ങനെ കോളേജ് ഡേ ദിവസവും എത്തിച്ചേര്‍ന്നു.
നാടകം തുടങ്ങി .
വാസുവിന്റെ ഓരോ ഡയലോഗിനും കയ്യടി കിട്ടി .
അങ്ങനെ ക്ലൈമാക്സ് ഘട്ടം വരവായി .
പിതാവ് വാഹന അപകടത്തില്‍ ( നിസ്സാര പരിക്കുകളോടെ ) പെട്ട് ആശുപത്രിയില്‍ എത്തുന്നു.
മകനായ ഡോക്ടര്‍ ( വാസു) വരുന്നു.
പിതാവായ രോഗിയെ പരിശോധിക്കുന്നു.
....( അടുത്ത ഏതാനും നിമിഷങ്ങള്‍ക്കുള്ളീല്‍ ക്ലൈമാക്സ് .....)
അന്നേരം ......
കാണികള്‍ക്കിടയില്‍നിന്ന് കോളേജിലെ ആലമ്മൂടന്‍ എന്ന് അറിയപ്പെടുന്ന സുധാകരന്‍ എണീറ്റു നിന്നു.
( മൂപ്പര്‍ക്ക് ഈ നാടകത്തില്‍ ഒരു റോളും വാസുവും കൂട്ടരും കൊടുക്കാത്തതിനാല്‍ സുധാകരന്‍ വാസുവുമായി
പിണക്കത്തിലായിരുന്നു)
എന്നീട്ട് ഉച്ചത്തില്‍ രണ്ടു പ്രാവശ്യം തുമ്മി.
അതിനാല്‍ വേദിയിലേയും കാണികളുടേയും ശ്രദ്ധ സുധാകരനിലേക്കായി .
ഉടനെ സുധാകരന്‍ വേദിയിലേക്കു വിരല്‍ ചൂണ്ടി അലറി .
“ഹേ ഡോക്ടറേ , ഒരു കാര്യം സാര്‍ മനസ്സിലാക്കിക്കോ . സാറിന്റെ അടുത്തുനില്‍ക്കുന്ന രോഗി സാറിന്റെ
അച്ഛനാ . ചെറുപ്പത്തില്‍ നാടുവിട്ടുപോയ അച്ഛന്‍ . കെട്ടിപ്പിടിക്ക് ഡോക്ടറേ “
സുധാകരന്‍ ഇതു പറഞ്ഞു നിറുത്തിയതും കൂവലും ബഹളവും ആയി .
കര്‍ട്ടണ്‍ ഇട്ടു.
അങ്ങനെ നാടകം പാളീസായി .
** * * *** ***
* * ** ** ***
പരിചയം പുതുക്കിയ ശേഷം ഞാന്‍ വാസുവിനോട് സുധാകരനെക്കുറിച്ച് ചോദിച്ചു.
വാസുവിന്റെ കണ്ണു നിറഞ്ഞു.
വാസു പറഞ്ഞു “ ഞാന്‍ വിചാരിച്ചത് നീ അറിഞ്ഞു കാണുമെന്നാ . സുധാകരന്‍ ഒരു വാഹന അപകടത്തില്‍
മരിച്ചു.”
ഒന്നു നിറുത്തി വാസു തുടര്‍ന്നു “ അവന്റെ മകന്‍ ഡോക്ടറാ “